ചെങ്ങന്നൂര്‍ : എഴുന്നെള്ളിപ്പിനിടെ ആനയുടെ കണ്ണില്‍ ലേസര്‍ രശ്മിയടിച്ചതായി പരാതി. തൃച്ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് എഴുന്നെള്ളിപ്പിനിടെയാണ് ആനയുടെ കണ്ണില്‍ ലേസര്‍ രശ്മി അടിച്ചത്. പമ്പാനദിയിലെ മിത്രപ്പുഴ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കിഴക്കേ ഗോപുരവാതിലിനു സമീപത്തെത്തിയപ്പോഴാണ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഓമല്ലൂര്‍ മണികണ്ഠന്റെ മുഖത്തേക്കും കണ്ണിലേക്കും ലേസര്‍ രശ്മി പതിഞ്ഞത്.
ഈ സമയം ആന രണ്ട് മൂന്ന് പ്രാവശ്യം തല ഉയര്‍ത്തി അസ്വസ്ഥത കാട്ടിയിരുന്നു. ( ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്). ഒപ്പമുണ്ടായിരുന്ന ഭക്തരും ,ദേവസ്വം അധികൃതര്‍, ,മേളക്കാര്‍, ഉപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ എന്താണെന്നറിയാതെ ആശങ്കയിലായി. തുടര്‍ന്ന് പാപ്പാന്‍ ആനയെ അനുനയപ്പിച്ചു. അല്പസമയം കഴിഞ്ഞതിനു ശേഷമാണ് ആന ഗോപുരവാതില്‍ പ്രവേശിച്ചത്.
പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയങ്ങളില്‍ വ്യാപകമായതോടെയാണ് അധികൃതര്‍ വിവരമറിഞ്ഞത്. ചില കുത്സിത ശക്തികള്‍ ഉത്സവം അലങ്കോലപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉപദേശക സമിതി ആരോപിച്ചു. ഇതു സംബസിച്ച് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി.ക്കും വനം വകുപ്പിലെ അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും പരാതി നല്‍കിയതായി ഉപദേശകസമിതി പ്രസിഡന്‍റ് എസ്.വി.പ്രസാദ്, സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ജനല്‍ കണ്‍വീനര്‍ ഷൈജു വെളിയത്ത് എന്നിവര്‍ പറഞ്ഞു.