കണ്ണൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മുണ്ടയാട് സ്വദേശിനി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒരുമാസം മുമ്പാണ് പെണ്‍കുട്ടിയോട് ചാലോട് സ്വദേശി ജിതിന്‍ പ്രണയാഭ്യര്‍ഥന നടത്തിയത്. ഇത് നിരസിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയും വീട്ടിലേക്കുള്ള വഴിയില്‍ വെച്ചും നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുടെ ജേഷ്ഠന്റെ മകനാണ് ജിതിനെന്നും പറയുന്നു.
ഇതോടെ പ്രശ്നം ഡെപ്യൂട്ടി മേയര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഉണ്ടായെന്നും പെണ്‍കുട്ടി പറയുന്നു. വീണ്ടും ശല്യപ്പെടുത്തലും ഭീഷണിയും രൂക്ഷമായപ്പോള്‍ പെണ്‍കുട്ടി പോലീസിനെ അറിയിച്ചെങ്കിലും യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചു. പിന്നീട് യുവാവ് വീണ്ടും പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഭീഷണിപ്പെടുത്തിയതോടെയാണ് വനിതാ പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തു.