അഗളി : അട്ടപ്പാടിയിൽ വീടും സ്ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാനെത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായെത്തിയത്. ലൈഫ് ഭവന പദ്ധതി സംബന്ധിച്ച് നിലവിലെ പ്രശ്നം അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
പോളിയോ ബാധിച്ച് വലത്തേ കാലിന് 60 ശതമാനം ശേഷി നഷ്ടപ്പെട്ട ഷമീറ വീടിനും സ്ഥലത്തിനുമായി അഗളി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രണയ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാർ ഒറ്റപ്പെടുത്തി. മകനുണ്ടായി കുറച്ചു നാളുകൾക്ക് ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി മകനോടൊപ്പം വാടക വീട്ടിലാണ് താമസം. തന്റെ ദുരിതം വിവരിച്ച് പാലക്കാട് കളകടർക്ക് കഴിഞ്ഞ ദിവസം ഷമീറ അപേക്ഷ നൽകി.
അപേക്ഷ പരിശോധിക്കാൻ കളക്ടർ മൃണ്മയി ജോഷി പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. അങ്ങനെയാണ് കഴിഞ്ഞ വാർഡ് മെന്പറോടൊപ്പം പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ ഷമീറ പോയത്. നിനക്ക് വീടും സ്ഥലവും തരാനല്ല പഞ്ചായത്ത് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞ് സെക്രട്ടറി അപമാനിച്ച് തിരിച്ചയച്ചതായാണ് ഷമീറ പറയുന്നത്. എന്നാൽ ഷമീറയെ അക്ഷേപിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. അധിക്ഷേപിച്ച് ഇറക്കിവിട്ട സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ഷമീറ.