കോന്നി : കോന്നി മയൂർ എലായുടെ സമീപം കാഴ്ചയില്ലാത്ത മകളും അമ്മയും താമസിക്കുന്ന വീട്ടിലേക്കുള്ള നടവഴി സ്വകാര്യ വ്യക്തികൾ കെട്ടിയടച്ചതായി ജില്ലാ തദ്ദേശ അദാലത്തിൽ പരാതി നൽകി. കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെട്ട കല്ലൂരേത്ത് വീട്ടിൽ ഭവാനി(75), കാഴ്ചശക്തിയില്ലാത്ത മകൾ ഓമന എന്നിവർ ആണ് പരാതി സമർപ്പിച്ചത്. പതിനേഴാം വാർഡിലെ മയൂർ ഏലാ, വള്ളാട്ട് തോട് എന്നിവയുടെ സമീപത്തായാണ് ഈ അമ്മയും മകളും താമസിക്കുന്നത്. ഏകദേശം മുപ്പത്തിയഞ്ചിൽ പരം കുടുംബങ്ങളും ഈ ഭാഗത്ത് താമസമുണ്ട്. തോടിന്റെ പുറമ്പോക്ക് ഭാഗത്ത് കൂടിയുള്ള നാല് മീറ്ററോളം വരുന്ന വഴിയിൽ കൂടിയാണ് ഇവർ യാത്ര ചെയ്യുന്നത്.
വള്ളാട്ട് തോടിന്റെ ഇരുവശത്തുമായി കോന്നിയിലെ രണ്ട് സ്വകാര്യ വ്യക്തികൾക്ക് നിലമുണ്ട്. ഇവരാണ് പൊതുവഴി കെട്ടിയടച്ച് ഇവർക്ക് വഴിയടക്കം തടസപ്പെടുത്തിയിരിക്കുന്നത്. കോന്നി ടൗണിൽ നിന്നും വേഗത്തിലെത്തുവാൻ കഴിയുന്ന വഴിയുമാണിത്. പ്രദേശത്ത് വർഷങ്ങളായി കെട്ടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യുവാനും ഗ്രാമ പഞ്ചായത്ത് അധികൃതരെ കൊണ്ട് സ്വകാര്യ വ്യക്തികൾ സമ്മതിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു. മാലിന്യം നീക്കം ചെയ്യാത്തതിനാൽ കൊതുകുകൾ പെരുകുകയാണ് ഇവിടെ. വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും.