റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണത്തിൽ അഴിമതിയും ക്രമക്കേടുമെന്ന് ഗവർണർക്ക് പരാതി. നാലു വർഷമായി വിജിലൻസ് അന്വേഷണം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് റാന്നി മന്ദിരം മുരുത്തോംപതാലിൽ എം.ആർ അനിൽകുമാർ (അനിൽ കാറ്റാടിക്കൽ) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി. ലോക ബാങ്ക് സഹായത്തോടെ നിർമാണത്തിലിരിക്കുന്ന പ്രധാന റോഡുകളിലൊന്നായ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പൊൻകുന്നം – പുനലൂർ ഭാഗം 82 കിലോമീറ്റർ നിർമിക്കാൻ 748.67 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇപ്പോൾ എസ്റ്റിമേറ്റ് തുക 850 കോടിയിലേറെ രൂപ ആയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ അടക്കം 2000 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നത്.
ശബരിമലയുടെ പേരിൽ നടക്കുന്ന ഈ പകൽക്കൊള്ളയിലൂടെ പൊതു ഖജനാവിന് 500 കോടിയിലേറെ രൂപ നഷ്ടമാകുമെന്നു പരാതിയിൽ ആരോപിക്കുന്നു. 2021 ഫെബ്രുവരിയിൽ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് തട്ടിപ്പ് വിവരങ്ങൾ അക്കമിട്ടുനിരത്തി പരാതി നൽകിയതായും പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയറുമായി വിവരങ്ങൾ പങ്കുവച്ചതായും അനിൽകുമാർ പറഞ്ഞു. മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് 2021 ഏപ്രിലിൽ മന്ത്രി ജി.സുധാകരൻ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ പൊതുമരാമത്ത് മന്ത്രിയെ 2021 മെയിൽ ചാനൽ ലൈവ് പ്രോഗ്രാമിലൂടെ വിവരങ്ങൾ ധരിപ്പിച്ചു. എന്നിട്ടും ക്രമക്കേടുകൾ മുന്നോട്ടു പോയ സാഹചര്യത്തിൽ 2021 നവംബറിൽ 10 ന് വിജിലൻസ് മേധാവിക്ക് പരാതി നൽകി.
പ്രാഥമിക പരിശോധന നടന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ രണ്ടു വർഷത്തോളം അന്വേഷണം വൈകി. പിന്നീട് വിജിലൻസ് പ്രത്യേകാന്വേഷണ സംഘം പരാതി ഏറ്റെടുത്തു. റാന്നി ചെത്തോങ്കരയിൽ പുതിയതായി നിർമിച്ച പാലത്തിന്റെ ഒരു ഭാഗം പൊട്ടി തകർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നടപടിയുണ്ടായില്ലെന്നു മാത്രം. മൂന്നു വർഷവും എട്ടു മാസവും ആയിട്ടും പ്രാഥമിക അന്വേഷണം പൂർത്തിയായില്ലെന്നാണ് 2025 ജൂണിലും വിജിലൻസ് രേഖാമൂലം അറിയിച്ചത്.






























