റാന്നി: വടശ്ശേരിക്കര പേഴുംപാറയിലും അരിക്കക്കാവിലും വന്യമൃഗ ശല്യം ഏറിവരുന്നതായി പരാതി. കാട്ടുപന്നികൾക്ക് പിന്നാലെ കാട്ടുപോത്തുകളും കൃഷി വകകൾ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങൾ. രാത്രിയും പകലും ഒരുപോലെ കൃഷിയിടങ്ങളിൽ മേയുന്ന കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യ മൃഗങ്ങളെ ഭയന്നാണ് ജനങ്ങള്‍ ഇവിടെ ജീവിക്കുന്നത്.
വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആനയും, കാട്ടുപന്നിയും, കേഴയും ഉൾപ്പടെയുള്ള വന്യജീവികൾ ഉണ്ടാക്കുന്ന ദുരിതം ചെറുതൊന്നുമല്ല. പച്ചക്കറികൾ ഉൾപ്പടെ വീട്ടുമുറ്റത്തു നാട്ടു പിടിപ്പിക്കുന്നവയോടാണ് ഇവർക്ക് ഏറെ പ്രിയം. കൃഷിക്ക് പുറമെ തങ്ങളുടെ ജീവനും ഭീഷണി നേരിടുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പേഴുംപാറക്ക് പുറമേ ഒളികല്ലിലും സമാനമായ രീതിയിൽ വന്യ ജീവി ശല്യം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ വാനരൻമാരും, മലയണ്ണാനുമാണ് വില്ലന്മാർ. പഴവർഗ്ഗങ്ങളും തേങ്ങയും ഉൾപ്പടെ നശിപ്പിക്കുന്നതിന് പുറമെ റബ്ബർ മരങ്ങളിൽ ടാപ്പിംഗ് നടത്തി ചിരട്ടകളിൽ നിറയുന്ന പാല്‍ ഉൾപ്പടെ കമഴ്ത്തി കളയുന്ന കാഴ്ചയും പതിവാണ്.
ചൂട് കൂടിയതോടെ വനത്തിൽ വെള്ളവും ഭക്ഷണവും കുറഞ്ഞതും വന്യജീവികൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്. വടശ്ശേരിക്കരക്ക് പുറമെ പെരുനാട് ളാഹ, കുടമുരുട്ടി, കൊച്ചുകുളം, കുരുമ്പൻമൂഴി, പെരുന്തേനരുവി എന്നിവിടങ്ങളിലും വന്യ ജീവി ശല്യം ഏറി വരികയാണ്. അധികാരികൾ ഇടപെട്ടു എത്രയും വേഗം വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033—————————————————————————————–































