കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം യുഡിഎഫ് വിടുന്നതോടെ ഒഴിവു വരുന്ന നിയമസഭാ സീറ്റുകളില്‍ ജയിക്കുമെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തേടി എഐസിസി രഹസ്യ വിവരശേഖരണം തുടങ്ങി.
കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ പഴയ ആധിപത്യം തിരിച്ചെടുക്കാന്‍ കഴിയുന്ന മുഖങ്ങള്‍ തേടിയാണ്് എഐസിസിയുടെ സര്‍വ്വേ. സ്വകാര്യ ഏജന്‍സി വഴിയാണ് വിവരശേഖരണം.
മാണി കോണ്‍ഗ്രസ്- മുന്നണി വിടുന്ന സാഹചര്യത്തിലും ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റണമെന്ന നിര്‍ബന്ധബുദ്ധി എഐസിസിയ്ക്കുണ്ട്. കേരളപ്പിറവിക്കുശേഷം വലതുപക്ഷ രാഷ്ട്രീയത്തെ കൈയ്യൊഴിയാത്ത ജില്ലയാണ് കോട്ടയം. അതിനാല്‍ തന്നെ കോട്ടയത്തിന്റെ കാര്യത്തില്‍ വീഴ്ച വരാത്തതരത്തിലുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ്സിന്റഎ തലപ്പത്തു നിന്നുണ്ടാവുന്നത്.
യുവത്വത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് നിര്‍ദ്ദേശം മാത്രമല്ല, അണികളില്‍ മതിപ്പുളവാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെ ഇവിടേയ്ക്ക് കണ്ടെത്താനാണ് തീരുമാനം. മാണി ഗ്രൂപ്പ് കഴിഞ്ഞ തവണ ജയിച്ചതും മത്സരിച്ചതുമായ മുഴുവന്‍ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ഉന്നത തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം.
സിറ്റിംഗ് സീറ്റായ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാലായില്‍ സിറ്റിങ്ങ് എംഎല്‍എ മാണി സി കാപ്പന്‍ നേതൃത്വം നല്‍കുന്ന എന്‍സിപി യിലെ ഒരു വിഭാഗം ഇടതുമുന്നണിയുമായി തെറ്റിയാല്‍ ഇവിടെ കാപ്പനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളാരും പാലായ്ക്ക് വേണ്ടി രംഗത്തില്ല.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഒഴിയുന്ന ചില സീറ്റുകളെങ്കിലും തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ ജോസഫ് വിഭാഗം ബലം പിടിച്ചാലും അത് അംഗീകരിക്കാന്‍ സാധ്യതയില്ല ഇതുന് കാരണമായി നേതൃത്വം പറയുന്നത് ജോസഫിന് കോട്ടയത്ത് അണികളില്ലെന്നതാണ്
കടുത്തുരുത്തിയിലൊഴികെ 100 പ്രവര്‍ത്തകരെ തികച്ചെടുക്കാന്‍ കഴിയുന്ന സ്ഥിതി വേറൊരു നിയോജകമണ്ഡലത്തിലും ജോസഫ് വിഭാഗത്തിനില്ല. അതിനാല്‍ കടുത്തുരുത്തി ഒഴികെയുള്ള കേരള കോണ്‍ഗ്രസ് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.
ചങ്ങനാശ്ശേരി സീറ്റ് കോട്ടയത്ത് അഭിഭാഷകയായ തന്റെ മകള്‍ക്ക് നല്‍കണമെന്ന ആഗ്രഹം സിഎഫ് തോമസ് ജോസഫിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ നിലവില്‍ അത് പ്രായോഗികമാകാനിടയില്ല. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ പാകത്തില്‍ അങ്ങനൊരു സഹതാപതരംഗവും ചങ്ങനാശ്ശേരിയില്‍ ഉള്ളതായി തോന്നുന്നില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ജോസഫ് ഗ്രൂപ്പിന് ഒരു നഗരസഭാ വാര്‍ഡില്‍പോലും ആധിപത്യമുള്ള സ്ഥലമല്ല ചങ്ങനാശ്ശേരി. മാത്രമല്ല പണ്ടുമുതല്‍ കോണ്‍ഗ്രസാണ് ചങ്ങനാശ്ശേരിയിലെ ഒന്നാം പാര്‍ട്ടി.
ഇവിടെ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും ബിസിഎം കോളേജ് അധ്യാപകനുമായ ഡോ. അജീസ് ബെന്‍ മാത്യൂസിനാണ് മുന്‍ഗണ. നാട്ടുകാരനായ കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യനും രംഗത്തുണ്ട്. ഇരുവരും മണ്ഡലത്തില്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുമാണ്. കെ സി ജോസഫ് എംഎല്‍എയാണ് ചങ്ങനാശ്ശേരി പ്രതീക്ഷിക്കുന്ന മറ്റൊരു ശക്തന്‍.
മറ്റൊരു കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് ഏറ്റുമാനൂര്‍. കാലങ്ങളായി പഞ്ചായത്തും നഗരസഭയും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവര്‍ സീറ്റിനായി മുറവിളികൂട്ടുന്നുണ്ട്. ഇവിടെ പാര്‍ട്ടി ഘടകങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പേര് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡിസിസി അധ്യക്ഷനുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടേതാണ്. തൊട്ടുപിന്നില്‍ ഏറ്റുമാനൂര്‍ മുന്‍ നഗരസഭാധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയും പരിഗണനയിലുണ്ട്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ സാധ്യതകളാണുള്ളത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാസുഭാഷിനാണ് ഇവിടെ മുന്‍തൂക്കം.കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാലും സിപിഐയുടെ ‘സഹകരണം’ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതീക്ഷിക്കുന്നതില്‍ ഒന്നാമത്തെ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാട് ഈ മണ്ഡലത്തിലാണ്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെയും ഇവിടെ പരിഗണിച്ചേക്കും.
ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. ജോസഫ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാറത്തോട് പഞ്ചായത്തില്‍ ഒഴികെ മറ്റൊരു പഞ്ചായത്തിലും നാമമാത്ര പ്രവര്‍ത്തകര്‍ പോലുമുള്ള പാര്‍ട്ടിയല്ല പൂഞ്ഞാറില്‍ ജോസഫ് വിഭാഗം. കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെ പ്രധാനമായും പരിഗണിക്കുന്ന മണ്ഡലം കൂടിയാണിത്. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പരിഗണനയില്‍ ഒന്നാം പേരുകാരന്‍ കൂടിയാണ് കല്ലാനി. കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിമിനും പൂഞ്ഞാറില്‍ താല്പര്യമുണ്ട്.
കടുത്തുരുത്തി ജോസഫ് ഗ്രൂപ്പിനുതന്നെ നല്‍കും. വൈക്കത്ത് കഴിഞ്ഞ തവണ മത്സരിച്ച വനിത നേതാവ് വീണ്ടും സ്ഥാനാര്‍ത്ഥിയാകും. കടുത്തുരുത്തിയും ഏറ്റുമാനൂരും തമ്മില്‍ വച്ചുമാറണമെന്ന നിര്‍ദേശം ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കടുത്തുരുത്തിയില്‍ നിന്നും മോന്‍സിനെ ഏറ്റുമാനൂരേയ്ക്കു കൊണ്ടു വരാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.