പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങൾ വിലയിരുത്തുന്നതിനും സംഘടനാ പ്രവർത്തനം താഴെതട്ടിൽ കൂടുതൽ ശക്തമാക്കുന്നതിനും ജില്ലയിലെ അഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെയും അടുത്ത ദിവസവുമായി നേതൃ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി ചേരുന്ന സമ്പൂർണ്ണ നേതൃ യോഗങ്ങൾ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഡോ. വി.കെ അറിവഴകൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എം.പി, രാഷ്ട്രീയ കാര്യസമിതി അംഗവും കെ.പി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറിയുമായ അഡ്വ. എം.ലിജു, രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.എം നസീർ, അഡ്വ. പഴകുളം മധു മറ്റ് കെ.പി.സി.സി – ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
റാന്നിയിൽ നാളെ രാവിലെ 10- നും കോന്നിയിൽ ഉച്ചയ്ക്ക് രണ്ടിനും അടൂരിൽ വൈകിട്ട് നാലിനും ആറന്മുളയിൽ 17 – ന് രാവിലെ 10 നും തിരുവല്ലയിൽ വൈകിട്ട് 2.30-നുമാണ് നേതൃയോഗങ്ങൾ വിളിച്ചു ചേർത്തിരിക്കുന്നത്. അതാത് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ യോഗങ്ങളിൽ പങ്കെടുത്ത് എ.ഐ.സി.സി സെക്രട്ടറിയുമായി ആശയ വിനിമയം നടത്തുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.