കോന്നി : കെ എസ് ആർ റ്റി സി ദീർഘ ദൂര ബസുകൾ തണ്ണിത്തോട്ടിൽ പുനരാരംഭിക്കണം എന്ന് ആവശ്യവുമായി 18 ആം തീയതി ശനിയാഴ്ച തണ്ണിത്തോട് മൂഴി സ്ഥിതി ചെയ്യുന്ന എസ് എൻ ഡി പി ഹാളിൽ ജനകീയ കൂട്ടായ്മ യോഗം ചേരും. മലയോര മേഖലയായ തണ്ണിത്തോട്- തേക്കുതോട് പ്രദേശവാസികളുടെ ദീർഘദൂര യാത്രകൾക്ക് ആശ്വാസം ആയിരുന്ന കരിമാൻതോട് -ഗുരുവായൂർ ഫാസ്റ്റ്, കരിമാൻതോട് – തിരുവനന്തപുരം ഫാസ്റ്റ്, കരിമാൻതോട് – കോട്ടയം ഫാസ്റ്റ് തുടങ്ങിയ കെ എസ് ആർ റ്റി സി സർവീസുകൾ നിർത്തലാക്കിയിട്ടു വർഷം 5 കഴിയുന്നു. അമൃത ഹോസ്പിറ്റലിൽ പോകേണ്ട രോഗികളും തിരുവനന്തപുരം ആർ സി സി യിൽ പോകേണ്ട രോഗികളും കോട്ടയം മെഡിക്കൽ കോളേജിൽ പോകേണ്ട രോഗികളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പോകുന്നവരും ദിവസവും അതിരാവിലെ 600 മുതൽ 1000 രൂപ വരെ മുടക്കിയാണ് പത്തനംതിട്ട വരെ എത്തുന്നത്.
കെ എസ് ആർ റ്റി സി പത്തനംതിട്ട ഡിപ്പോയിൽ ഏറ്റവും വരുമാനം ഉണ്ടായിരുന്ന കരിമാൻതോട് സർവീസുകൾ നിർത്തലാക്കിയത് പ്രൈവറ്റ് ബസ് ഉടമകളെ സഹായിക്കാൻ വേണ്ടി ആണെന്നും ആക്ഷേപമുണ്ട്. സ്വകാര്യ ബസുകൾക്ക് തണ്ണിത്തോട് റൂട്ടിൽ കിട്ടിയിട്ടുള്ള പെർമിറ്റുകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കൃത്യസമയം പാലിക്കാതെയും തന്നിഷ്ടത്തിനും മാത്രം സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ നാളെകളിൽ നാടിനു തന്നെ ഒരു വെല്ലുവിളിയാണ്. തണ്ണിത്തോട് പഞ്ചായത്തിലെ നൂറുക്കണക്കിന് ആളുകൾക്ക് ദിവസവും ആശ്രയം ആയിരുന്ന കെ എസ് ആർ റ്റി സി ബസ് സർവീസ് നിർത്തലാക്കിയത് ആരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന് അറിയേണ്ടിയിരിക്കുന്നു എന്നും ജനകീയ കൂട്ടായ്മ ആരോപിക്കുന്നു.