അമേഠി : ഉത്തര്‍പ്രദേശിലെ അമേഠിയില്‍ 16കാരിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലല്ലുവിന്‍റെ നേതൃത്വത്തില്‍ രാംലീല മൈദാനിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം രാജീവ് ഗാന്ധി ട്രൈ സെക്ഷനില്‍ അവസാനിക്കുകയും അവിടെ പ്രതിഷേധക്കാര്‍ ധര്‍ണ്ണ ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടര്‍ന്നാണ് ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനും റോഡില്‍ കുത്തിയിരുന്നതിനുമാണ് അറസ്റ്റ് ചെയ്തെന്ന് അമേഠി പോലീസ് സൂപ്രണ്ട് ദിനേഷ് സിംഗ് പറഞ്ഞു. സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോണണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും യു.പിയിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് സംഭവത്തിലെ മൂന്ന് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.





























