തൃശൂർ : കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ബലറാം (72) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. തൃശൂരിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബലറാം.
2004ൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ വേണ്ടി വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ചത് ബലറാമിനെ ശ്രദ്ധേയനാക്കിയിരുന്നു. എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന ബലറാം, ലീഡർ കോൺഗ്രസ് വിട്ടപ്പോഴും ഡി.ഐ.സി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബലറാം കോൺഗ്രസിൽ തിരികെ എത്തിയിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സി ഓഫീസിലേയ്ക്ക് കൊണ്ടുപോകും. 3.30വരെ അവിടെ പൊതുദർശനം. തുടർന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. അമേരിക്കയിലും കോയമ്പത്തൂരിലുമുള്ള മക്കൾ എത്തിയശേഷം സംസ്കാരസമയം തീരുമാനിക്കും. ഭാര്യ: പരേതയായ ഡോ.കാഞ്ചന ബലറാം. മക്കൾ: ദീപ. ലക്ഷ്മി. മരുമക്കൾ: വിനു, ഷിറിൻ