തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെ.വി തോമസ്. കോണ്‍ഗ്രസിന്റെ അംഗത്വ കാമ്പയിന്‍ വന്‍ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. ഗ്രൂപുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. കെ.പി.സി.സി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്നു താന്‍ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കവെ കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല, സൗഹൃദ സന്ദര്‍ശനമാണെന്നും കെ.വി തോമസ് വ്യക്തമാക്കി.
അംഗത്വ കാമ്പയിന്‍ ഗൗരവത്തിലെടുത്തില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് കെ.വി തോമസിന്റെ വിമര്‍ശനം. രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ.വി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്കലംഘനത്തിന്റെ പേരില്‍ നടപടി പ്രതീക്ഷിക്കുന്നതിലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് വിശദീകരണം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു. ഉന്നയിച്ച പരാതികള്‍ പരിഹരിക്കുന്നില്ലെന്നും തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു.