പത്തനംതിട്ട : 2024 ബഡ്‌ജറ്റിൽ നഗരസഭ പ്രഖ്യാപിച്ച പത്തനംതിട്ട സെൻട്രൽ സ്‌ക്വയർ പദ്ധതിയുടെ വിശദ രൂപരേഖ തയ്യാറാക്കുന്നതിനായി താല്പര്യ പത്രം ക്ഷണിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അബാൻ ജംഗ്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്താണ് സെൻട്രൽ സ്‌ക്വയർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ജസ്റ്റിസ് ഫാത്തിമ ബീവിക്കും മുൻ എംഎൽഎ കെ കെ നായർക്കും ഇവിടെ സ്മാരകം ഒരുക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. അബാൻ മേൽപ്പാല നിർമ്മാണത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മുൻ എംഎൽഎയുടെ പ്രതിമ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും കെ കെ നായർ ഫൗണ്ടേഷൻ ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തുടർന്നാണ് സെൻട്രൽ സ്ക്വയറിൽ കെ കെ നായർക്ക് ഉചിതമായ സ്‌മാരകം നിർമിക്കാൻ സമവായ തീരുമാനം ഉണ്ടായത്.
വിശ്രമത്തിനും പൊതുപരിപാടികൾക്കുള്ള ഇടമായും സെൻട്രൽ സ്ക്വയറിനെ വികസിപ്പിക്കാനാണ് കൗൺസിലിന്റെ ഉദ്ദേശം. രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള വിവിധ സംഘടനകൾക്ക് പൊതു പരിപാടികൾ നടത്താൻ ഇപ്പോൾ നഗരത്തിൽ സൗകര്യമില്ല. പഴയ ബസ്റ്റാൻഡ് പാർക്കിങ്ങിനായി നഗരസഭ ലേലം ചെയ്ത് നൽകിയിരിക്കുകയാണ്. കരാറുകാരുടെ സമ്മതത്തോടെയാണ് പല പരിപാടികളും ഇപ്പോൾ നടത്തുന്നത്. മുൻപ് വേദികൾ ആയിരുന്ന സെൻട്രൽ ജംഗ്ഷനിലെ പല സ്ഥലങ്ങളും ഹൈക്കോടതി ഉത്തരവുകളെ തുടർന്ന് നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉത്തരവ് സമ്പാദിച്ചവർ കോടതി അലക്ഷ്യവുമായി ഹൈക്കോടതിയെ സമീപിച്ചാൽ പൊതുപരിപാടികൾ നടത്തുന്നതിന് സമ്പൂർണ്ണ വിലക്കാകും. ഈ സാഹചര്യത്തിലാണ് സെൻട്രൽ സ്‌ക്വയർ എന്ന ആശയത്തിന് നഗരസഭ രൂപം കൊടുത്തത്.