റാന്നി : പൈപ്പ് ഇടുന്നതിനായി വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ട കടവുപുഴ – മണ്ണാറത്തറ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡ് തകർന്ന് കാൽനടയാത്രക്കാരും വാഹനങ്ങളും ഒരുപോലെ അപകടത്തിൽപ്പെടുന്ന അവസ്ഥയിലായിരുന്നു. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ട് റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ അപകടങ്ങൾ പതിവായിരുന്നു. പ്രദേശവാസികളുടെയും യാത്രാക്കാരുടെയും പ്രതിഷേധവും കടുത്ത ദുരിതവും കണക്കിലെടുത്ത് അധികൃതര് വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. തുടർന്ന് ജൽജീവൻ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തകർന്ന റോഡിൽ കോൺക്രീറ്റിങ് പ്രവൃത്തികൾ അടിയന്തിരമായി നടത്താൻ തീരുമാനമായത്.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് വേഗത്തിൽ പുരോഗമിക്കുകയാണ്. റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ നീണ്ടനാളത്തെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ജില്ലാ പഞ്ചായത്തംഗം ആരോണ് ബിജിലി പനവേലി, വാര്ഡ് മെമ്പര് ഷിബു സാമുവേല് എന്നിവരാണ് അധികൃതരുമായി ചര്ച്ച നടത്തിയത്.




























