ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. കേരളത്തില്‍ ആറുപേര്‍ക്കാണ് പുതുതായി വൈറസ് ബാധസ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ മൂന്നുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസം ബംഗളൂരുവില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടില്‍ രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഏഴുപേര്‍ ഉള്‍പ്പെടെ എട്ടുപേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ ആര്‍ക്കും വൈറസ് ബാധയില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ അറിയിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച 45കാരന്‍ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു.
മഹാരാഷ്ട്രയിലും രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നിന് ദുബൈയില്‍ നിന്നെത്തിയ പുണെ സ്വദേശികളായ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകന്‍, മകള്‍, മറ്റുകുടുംബാംഗങ്ങള്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. മഹാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ച 282 പേരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ പറഞ്ഞു.
ലൈവ് വീഡിയോകള്‍ തല്‍സമം കാണുന്നതിന് പത്തനംതിട്ട മീഡിയാ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക . ലിങ്ക് http://www.facebook.com/mediapta