ആലപ്പുഴ: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനില്‍നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി . വിദ്യാര്‍ഥിയുടെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. നേരത്തെ ഒരു സാമ്പിള്‍ പരിശോധിച്ചതില്‍ ആദ്യം വൈറസ് സാധ്യത കണ്ടെത്തിയെങ്കിലും പിന്നീട് നെഗറ്റീവായെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
59 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 24 എണ്ണത്തിന്റെ റിസള്‍ട്ട് കിട്ടി. ഇതില്‍തന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1723 പേര് വീട്ടിലും 70 പേര് ആശുപത്രിയിലുമാണ് കഴിയുന്നത്. രണ്ടാമത്തെ വൈറസ് ബാധയുടെ സാധ്യത മനസിലാക്കി തന്നെ ജാഗ്രത പാലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.