ജെനീവ : ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
പെറുവിലാണ് ആദ്യം ലാംഡ വകഭേദം കണ്ടത്തിയത്. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റെതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡികളോടുള്ള വൈറസിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു.
ആഗോളതലത്തില്‍ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B. 1.1.7 വകഭേദം 149 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B. 1.351 വകഭേദം 102 രാജ്യങ്ങളിലും ബ്രസീലിലെ P. 1 വകഭേദം 59 രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.