മംഗളൂരു: ദക്ഷിണ കന്നടയില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകിച്ചു. ബന്ത്വാള് സജിപനാടിലെ കുഞ്ഞിനാണ് രോഗം കണ്ടെത്തിയതെന്ന് ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസര്‍ രാമചന്ദ്ര ബയാരി അറിയിച്ചു.
പനിയും കടുത്ത ശ്വാസംമുട്ടും ബാധിച്ച കുട്ടിയെ മാര്‍ച്ച് 23ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കോവിഡ് ലക്ഷണത്തെതുടര്‍ന്ന് തൊണ്ടയില്‍നിന്നുള്ള സ്രവം പരിശോധനക്കയച്ചു. ഇന്നാണ് ഫലം പുറത്തുവന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാമചന്ദ്ര വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാന്‍ സജിപനാട് ഗ്രാമം ലോക്ഡൗണ്‍ ചെയ്തു. ഗ്രാമത്തില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുന്നില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.