ന്യൂഡൽഹി : രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 139 ആയി. മഹാരാഷ്ട്രയിൽ മാത്രം 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇന്ത്യയിൽ കോവിഡ് 19 രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു . കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി.
16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയിൽ സന്ദർശനം നടത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവർ നിരീക്ഷണത്തിലാണ്. കോവിഡ് പരിശോധനകൾക്കായി കൂടുതൽ ലാബുകൾ സജ്ജീകരിക്കുമെന്ന് ഐ സി എം ആർ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു.
യു.എ.ഇ , ഖത്തർ , ഒമാൻ , കുവൈത്ത്, അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗവ്യാപനത്തെ തുടർന്ന് സതേൺ റെയിൽവേ 17 ഉം വെസ്റ്റേൺ റെയിൽവേ പത്ത് ട്രെയിൻ സർവീസുകളും റദ്ദാക്കി. മേഘാലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് 31 വരെ അടച്ചു . കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷൻദ്ധൻ രാഷ്ട്രപതിയുമായി ചർച്ച നടത്തി. കോവിഡ് 19 രോഗം ബാധിച്ച 13 പേർ ഇതുവരെ ആശുപത്രി വിട്ടു. ഡൽഹിയിലെ ആർ എം എൽ , സഫ്ദർജംഗ് ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കായി എത്തിയവരുടെ വലിയ നിരയാണ് ഉള്ളത്.