തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് സിപിഎം മുന്‍ നേതാവ് സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പോലിസ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പേരും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. വധശ്രമം, ന്യായവിരുദ്ധ സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
2019 മേയ് 18നാണ് തലശേരി കായ്യത്ത് റോഡില്‍ വച്ച് നസീര്‍ ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ഇരുചക്രവാഹനത്തില്‍ പോവുന്നതിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തിയ സംഘം നസീറിനെ അടിച്ചു റോഡില്‍ വീഴ്ത്തി. മലര്‍ന്നടിച്ച് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റുകയും ചെയ്തു. എഴുന്നേറ്റ് ഓടുന്നതിനിടയില്‍ വീണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നായിരുന്നു കണ്ടെത്തല്‍.