കൊച്ചി : കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച യാത്രക്കാരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. പരിശോധിച്ച 3135 യാത്രക്കാരില്‍ 18 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്.
അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോണ്‍സര്‍ ചെയ്‍തതായും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയസുള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല. കുട്ടി വന്ന ദിവസം റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല.
അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു.