പത്തനംതിട്ട : കോവിഡ് പരിശോധനാഫലത്തിലെ അവ്യക്തത ഒരു കുടുംബത്തെ ദിവസങ്ങളോളം മുള്‍മുനയിലാക്കി. രോഗം ഇല്ലാതിരുന്നിട്ടും രോഗിയെന്ന ലേബലില്‍ കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. കൂടൽ ഗാന്ധി ജംഗ്ഷനില്‍ വിപിൻ ഭവൻ ബാബുക്കുട്ടി ഡാനിയലിന്റെ കോവിഡ് പരിശോധനാഫലം കൃത്യമായി അറിയിക്കാൻ അധികൃതർക്ക് സാധിക്കാതിരുന്നതാണ് കുടുംബത്തെ വിഷമത്തിലാക്കിയത്. കോവിഡ് പരിശോധനാഫലം വൈകുന്നതും ഫലനിര്‍ണ്ണയത്തിലെ പാളിച്ചകളും ചില കുടുംബങ്ങളെയെങ്കിലും മാനസികമായി തകര്‍ക്കാറുണ്ട്. പരാതി പറയാന്‍ അവകാശമില്ലാത്തതിനാല്‍ ആരും ഇതൊന്നും പുറത്ത് പറയാറില്ല.
ജൂൺ 14നാണ് ബാബുക്കുട്ടി ഖത്തറിൽ നിന്ന് തിരുവനന്തപുരം എയർപോർട്ട് വഴി വീട്ടിലെത്തിയത്. 14 ദിവസം ഹോം ക്വാറന്റീനിലായിരുന്നു. അതിനു മുൻപുതന്നെ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരമറിയിച്ചിരുന്നു. തുടർന്ന് 27ന് അടൂർ ഗവ. ആശുപത്രിയിൽ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഇതിനിടയില്‍ 14 ദിവസം എന്ന ഹോം ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിരുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നുമില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടൂർ ഗവ. ആശുപത്രിയിൽ എടുത്ത സാമ്പിളിന്റെ പരിശോധനാഫലം ലഭിച്ചില്ല. ഈ വിവരം ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ റിസല്‍റ്റ് നെഗറ്റീവായതുകൊണ്ടായിരിക്കും അറിയിക്കാതിരുന്നതെന്ന് അവര്‍ പറയുകയും ചെയ്തു. ഇതിനിടെ കളക്ടറേറ്റ്, ജനറൽ ആശുപത്രി, കൂടൽ പിഎച്ച്സി, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്തുനിന്നും വിവരങ്ങൾ ചോദിച്ചറിയുന്നുണ്ടായിരുന്നു.
എന്നാല്‍ ജൂലൈ ഏഴിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ബാബുക്കുട്ടി ഡാനിയലിന്റെ വീട്ടിലേക്കു വിളിച്ച് പരിശോധനാഫലം പോസിറ്റീവ് ആണെന്നു പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8ന് വീണ്ടും പരിശോധന നടത്തി. അപ്പോഴും രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ പന്തളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് 10ന് പന്തളത്തേക്കു പോകുംവഴി 3 മണിയോടെയാണ് ഫലം നെഗറ്റീവാണെന്ന് ജനറൽ ആശുപത്രിയിൽ നിന്നു വിളിച്ചു പറയുന്നത്. കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി സംസാരിച്ചപ്പോൾ ബാബുക്കുട്ടിയെ പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റാനും ഭാര്യയുടെയും 2 മക്കളുടെയും സാമ്പിൾ പരിശോധിക്കാനും നിർദേശം നൽകി. ഇപ്പോൾ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അറിയിപ്പ് ലഭിക്കുകയും കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ബാബുക്കുട്ടി വീട്ടിലെത്തുകയും ചെയ്തു.
ഏഴു മുതൽ തങ്ങൾ അനുഭവിച്ച മാനസിക പ്രയാസം പറഞ്ഞറിയിക്കാനാവില്ലെന്ന് ബാബുക്കുട്ടിയും വീട്ടുകാരും നിറഞ്ഞ കണ്ണുകളോടെ പറയുന്നു. നാട്ടുകാരുടെ അടക്കംപറച്ചിലുകള്‍, പൊടിപ്പും തൊങ്ങലും വെച്ച് നാട്ടില്‍ പ്രചരിപ്പിച്ച കഥകള്‍ എല്ലാം തങ്ങളുടെ ചെവിയിലുമെത്തിയെന്ന് പറയുമ്പോള്‍ ഇവരുടെ കണ്ഠമിടറി. ഇങ്ങനെയൊരു അനുഭവം ഇനിയാര്‍ക്കും വരരുതേയെന്നാണ് ഇവരുടെ പ്രാര്‍ഥന.