പൂനെ : കോവിഡിന്റെ വ്യാപനത്തിൽ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകത്തിന് പ്രതീക്ഷാജനകമായ വാര്‍ത്തയുമായി ലോകാരോഗ്യ സംഘടന. ഒന്നോ ഒന്നരയോ വര്‍ഷത്തിനുള്ളില്‍ മഹാമാരിക്കെതിരായ വാക്‌സിന്‍ തയ്യാറാകുമെന്ന് സംഘടനയുടെ ചീഫ് സയന്റിസ്റ്റും പീഡിയാട്രീഷ്യനും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വിര്‍ച്വല്‍ മീഡിയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം എസ് സ്വാമിനാഥന്റെ മകള്‍ കൂടിയായ സൗമ്യ.
200ഓളം മരുന്നുകള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 15 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാഘട്ടത്തിലാണുള്ളതെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഇവയില്‍ നിന്നും വാക്‌സിന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അസ്ട്രാസെനേക എന്ന ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനി പരീക്ഷണത്തിന്റെ മൂന്നാമത്തെ ഘട്ടം വരെയെത്തിയിട്ടുണ്ടെന്നും ഡോ. സൗമ്യ പറഞ്ഞു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെയും അസ്ട്രാസെനേകയുടെയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുള്ളതെന്നും ദേശീയ മാധ്യമത്തോടു സംസാരിക്കവെ അവര്‍ വ്യക്തമാക്കി.