ന്യൂഡല്‍ഹി : കോവിഡ് ബാധ മൂലമുണ്ടാവുന്ന മരണങ്ങളുടെ കണക്കില്‍ ഇന്ത്യ ലോകത്ത് ഒന്‍പതാം സ്ഥാനത്ത്. 114,446 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം. 41,828 മരണങ്ങള്‍ സംഭവിച്ച ബ്രസീലാണ് രണ്ടാമത്. യുകെയില്‍ 41,481 ഉം ഇറ്റലിയില്‍ 34,301 ഉം മരണങ്ങളുണ്ടായി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 9,195 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും മഹാരാഷ്ട്ര , ഡല്‍ഹി , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 11,929 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 3,20,922 ആയി. ഇതില്‍ 1,49,348 സജ്ജീവ കേസുകളും ഉള്‍പ്പെടുന്നു. ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസ്, ബ്രസീല്‍, റഷ്യ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാം സ്ഥാനത്താണ്.