ദില്ലി : രാജ്യത്ത് 6561 കൊവിഡ് കേസുകള്‍ കൂടി പുതുതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,38,599 ആയി. ആക്ടീവ് കേസുകളില്‍ 85,680 കേസുകളാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേരാണ് മരണപ്പെട്ടത്. 60 ശതമാനമാണ് ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 77,152 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇന്നലെ 14,947 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,23,53,620 ആയി. 98. 62 ശതമാനമാണ് രോഗമുക്തി നിരക്ക്. 178.02 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് ഇതിനോടകം വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ 2373 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്.
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ വിവാഹ ചടങ്ങുകളില്‍ പരമാവധി 500 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 250 പേര്‍ക്കും പങ്കെടുക്കാം. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പൊതുപരിപാടികളിലെ നിയന്ത്രണവും എടുത്തുമാറ്റിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വന്നു.






























