ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 13.36 ലക്ഷം കടന്നു. ശനിയാഴ്ച 48,916 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 13,36,861 ലെത്തി. 31,358 പേരാണു കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തെലുങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടില്ല. ആഗോളതലത്തില്‍ യുഎസിനും ബ്രസീലിനും പിന്നിലാണിപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.
മഹാരാഷ്ട്രയില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 9,251 പേര്‍ക്ക്. 257 പേരാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,66,368 ആയി. ഇതില്‍ 1,45,481 എണ്ണം സജീവ കേസുകളാണ്. 2,07,194 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ മുംബൈയില്‍ ഇന്നലെ 1090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 52 പേര്‍ മരിക്കുകയും 617 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,07,981 ആയി. 78,877 പേരാണ് രോഗമുക്തി നേടിയത്.
കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 5,072 പുതിയ കേസുകളും 72 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,942 ആയി. ഇതില്‍ 55,388 എണ്ണം ആക്ടീവ് കേസുകളാണ്. 1,796 പേര്‍ ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് മൂലം മരിച്ചു.