കൊച്ചി : കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് ഇനി നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതനുസരിച്ച് പലരും മാസ്‌കില്ലാതെ യാത്ര ചെയ്തു. അപ്പോഴാണ് പോലീസിന്റെ പിടിവീഴല്‍. കേന്ദ്രത്തിന്റെ തീരുമാനം യാത്രക്കാര്‍ പാലിച്ചപ്പോള്‍ പോലീസിന് ഇത് സംബന്ധിച്ച് ഉത്തരവുകള്‍ ലഭിച്ചുമില്ല. അതുകൊണ്ട് തന്നെ പുതിയ മാര്‍ഗനിര്‍ദേശം പോലീസും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്നു.
പുതിയ മാനദണ്ഡ പ്രകാരം ഒന്നില്‍ കൂടുതല്‍ പേര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍മാത്രം മാസ്‌ക് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. മാസ്‌ക് ധരിക്കാത്തതിന് പിടിയിലായാല്‍ 200 രൂപയാണു പിഴ. രണ്ടാംതവണ പിടിയിലായാല്‍ 2000 രൂപയും. കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് വെക്കണമെന്ന് നിര്‍ബന്ധമില്ല. ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്‌ക് നിര്‍ബന്ധമില്ല. കൂട്ടമായി സൈക്ലിങ് നടത്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ് എന്നിവയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.