തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിന് അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. മാത്രമല്ല സംസ്ഥാനത്ത് മരണനിരക്ക് ഉയരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാല്‍ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ വെല്ലുവിളിയാകും. കോവിഡ് വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ടെന്നും രോഗം കൂടുകയെന്നാല്‍ മരണനിരക്കും കൂടുകയെന്നാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.