കൊച്ചി : സംസ്ഥാനത്ത് വാക്സിനേഷൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി. വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. കൂടുതൽ ആളുകൾ വാക്‌സീനേഷൻ എടുക്കുന്ന ജില്ലകളിലാണ് സ്ലോട്ട് പ്രശ്നമുള്ളതെന്നു സർക്കാർ വിശദീകരിച്ചു.
കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം പ്രായോഗിക തലത്തിൽ എത്തുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ശുചീകരണ തൊഴിലാളികളെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കുന്നതിനു കോടതി മാറ്റി വെച്ചു.