കല്ലറ : പാല്‍ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റാണെന്ന് സംശയം. ഇതേ തുടര്‍ന്ന് പാല്‍ ഉപയോഗിച്ച 29 പേര്‍ കല്ലറ ഗവ.ആശുപത്രിയിലും വീട്ടുടമയടക്കം നാലുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടില്‍ ഷീജാകുമാരിയുടെ പശുവാണ് കഴിഞ്ഞ ദിവസം ചത്തത്.
മൃഗാശുപത്രിയില്‍നിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ മരണകാരണം പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് ഉടമയെ അറിയിച്ചു. 21 ദിവസം മുന്‍പ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു. അങ്ങിനെയാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിക്കാന്‍ കാരണം. പാല്‍ ഉപയോഗിച്ച 29 പേരും കല്ലറ തറട്ട ആശുപത്രിയില്‍ നിന്നും വാക്സിന്‍ എടുത്തു. പശുവിന്‍റെ ഉടമ ഷീജാകുമാരി, മകള്‍, മകന്‍, മരുമകന്‍ എന്നിവര്‍ തിരുവനന്തപുരം മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.