പത്തനംതിട്ട : സി പി ഐ എം ഏകപക്ഷീയമായി വർഷങ്ങളായി ഭരിക്കുന്ന തുമ്പമൺ സർവീസ് സഹകരണ ബാങ്കിൻ്റെ പൊതുയോഗം പാർട്ടി തുമ്പമൺ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടേയും ഏരിയ കമ്മറ്റിയംഗത്തിൻ്റെയും നേതൃത്വത്തിൽ ബഹളമുണ്ടാക്കി പൊളിച്ചടുക്കി. തുമ്പമൺ സാംസ്ക്കാരിക നിലയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് കൂടിയ പൊതുയോഗത്തിലാണ് സംഭവം. പൊതുയോഗത്തിൽ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം ചേർന്നാണ് പൊതുയോഗം സി പി ഐ എം നേതാക്കൾ അലങ്കോലപ്പെടുത്തിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സഖറിയാവർഗീസിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ ബാധ്യതകളെ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ ഒരു സഹകാരി ഉടൻ വിരമിക്കാൻ പോകുന്ന ഒരു ജീവനക്കാരൻ്റെ ബാധ്യത സംബന്ധിച്ച ആരോപണം ഉന്നയിച്ചപ്പോഴാണ് ലോക്കൽ കമ്മറ്റി സെക്രട്ടറി സി കെ സുരേന്ദ്രൻ, ഏരിയ കമ്മറ്റിയംഗം എൻ സി അഭീഷ് എന്നിവരുടെ നേതൃത്വത്തിൽ ബോർഡിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കോൺഗ്രസ് കാർക്ക് പിന്തുണയുമായെത്തിയത്. ഇത് ബഹളത്തിൽ കലാശിച്ചു. ചില ബോർഡ് മെമ്പർമാർ പോലും വിമർശകരായപ്പോൾ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കോൺഗ്രസിന് കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി. തുടർന്ന് അധ്യക്ഷനായ പ്രസിഡൻ്റ് കെ ആർ സുകുമാരൻ നായർ പൊതുയോഗം അവസാനിച്ചതായി അറിയിച്ച് പുറത്ത് പോയി. സ്വന്തം പാർട്ടിക്കാർ എതിര് നിന്ന സ്ഥിതിക്ക് പ്രസിഡൻ്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് അദ്ദേഹം പുറത്ത് വന്ന് പൊതുയോഗത്തിനെത്തിയവരോട് പറഞ്ഞു.