തിരുവനന്തപുരം: ബിജെപി നേതാവ് ആര്‍. സുഗതന് ജാമ്യം ലഭിച്ച നടപടിയില്‍ പ്രതികരിച്ച് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി ദീപക്. സുഗതന്റെ ജാമ്യം യുഡിഎഫ്-ബിജെപി ഡീലെന്ന് ദീപക് ആരോപിച്ചു.കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ പ്രതിക്ക് സഹായകരമാകുന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചതെന്നും ദീപക് പറഞ്ഞു. കോര്‍പ്പറേഷനില്‍ അടക്കം എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സുഗതന്റെ ജാമ്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്ന് മുന്‍ എംഎല്‍എയും കൗണ്‍സിലറുമായ കെ.എസ് ശബരീനാഥന്‍ പറഞ്ഞു.
സുഗതന് ലീവ് കൊടുത്തത് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കും. എല്‍ഡിഎഫ് കൊടുത്ത പരാതിയിലും കൃത്യമായ അന്വേഷണം ഉണ്ടാകണം. സുഗതനെതിരായ എല്ലാ കേസുകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു. അതേസമയം സുഗതന്റെ ഭാര്യ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കാപ്പ ചുമത്തുന്നത് സംബന്ധിച്ചുള്ള വിവരം തന്നെ അറിയിച്ചില്ലെന്ന് സുഗതന്റെ ഭാര്യ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യം ശരിവെച്ചുകൊണ്ട് ഹൈക്കോടതി സുഗതനെതിരായ കാപ്പ റദ്ദാക്കുകയായിരുന്നു.
നിലവില്‍ സുഗതന്‍ വിയൂര്‍ ജയിലിലാണ്. കഴിഞ്ഞ ദിവസം ആര്‍. സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് പരിശോധിക്കും. എസ്.പി ദീപക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായിട്ടെന്നാണ് ദീപക്കിന്റെ പരാതി. പരാതി അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ശബരീനാഥനും രംഗത്തെത്തിയിരുന്നു.





























