ആലപ്പുഴ : നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന അനൗണ്‍സ്മെന്റുമായി തെരഞ്ഞെടുപ്പ് പ്രചാരണവാഹനം മണ്ഡലത്തില്‍ തലങ്ങും വിലങ്ങും ചീറിപ്പായുമ്പോള്‍ യുവജനസംഘടനയുടെ ധീരനായ പോരാളി കുളു-മണാലി യാത്രക്ക് പെട്ടിയൊരുക്കുന്ന തിരക്കിലായിരുന്നു.
ആഹ്വാനംകേട്ട് പാവപ്പെട്ട വോട്ടര്‍മാര്‍ ബൂത്തില്‍ ക്യൂ നില്ക്കുമ്പോള് ബാങ്ക് ജീവനക്കാരന് കൂടിയായ യുവാവും അമ്മാവന്റെ മകനുമടങ്ങുന്ന സംഘം അവിടെ അടിച്ചു പൊളിക്കുകയായിരുന്നത്രേ.
ജില്ല പഞ്ചായത്തിലെ വനിത അംഗത്തിന്റെ മകന് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പാണ് ടൂര്‍ പോയത്. ഒരുപക്ഷേ ഇക്കാര്യം ആരോരുമറിയാതെ പോകുമായിരുന്നു. കഷ്ടകാലത്തിന് വോട്ടെടുപ്പിന്റെ തലേന്ന് രാത്രി പിതൃസഹോദരന് മരണമടഞ്ഞു. അന്ത്യകര്‍മങ്ങള്‍ക്ക് അയല്‍വാസികള്‍ ശേഷക്കാരനെ തിരക്കിയതോടെയാണ് കള്ളി വെളിച്ചത്തായത്. പുന്നപ്ര നോര്‍ത്ത് എല്‍.സി അംഗമായ മാതാവ് ഉത്തരംകിട്ടാതെ കുഴങ്ങി. സ്ഥലത്തില്ലെന്ന മറുപടിയില്‍ അയല്‍വാസികള്‍ തൃപ്തരായെങ്കിലും പാര്ട്ടിക്കാര് വെറുതെയിരുന്നില്ല.
എട്ടാം വാര്‍ഡിലെ വോട്ടറായ മകനും രണ്ടാം വാര്‍ഡിലെ വോട്ടറായ സഹോദരപുത്രനും കൂട്ടുകാരോടൊപ്പം ഹിമാചല്‍ യാത്രക്ക് പോയ വിവരം വനിത സഖാവ് എത്ര മൂടിവെക്കാന്‍ ശ്രമിച്ചിട്ടും പുറത്തായി. തെളിവുകള്‍ അവശേഷിപ്പിക്കാതെ യാത്ര പൂര്‍ത്തിയാക്കാന്‍ സമൂഹമാധ്യമ പ്രചാരണം ബോധപൂര്‍വം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ദേഷ്യംമൂത്ത ബൂത്ത് കമ്മിറ്റി സെക്രട്ടറി നല്കിയ പരാതി സി.പി.എം ജില്ല നേതൃത്വം ഗൗരമായി എടുത്തതായാണ് സൂചന.