അഹമ്മദാബാദ്: പട്ടാപ്പകല്‍ ഭാര്യയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഇരുത്തി 34കാരന്‍ സഞ്ചരിച്ചത് 10 കിലോമീറ്റര്‍ ദൂരം. കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിക്കവേ, നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഗുജറാത്ത് രാജ്‌ക്കോട്ട് പലിതാന നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. 34കാരനായ പ്രതി അമിത് ഹെംനാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 വയസുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.
തൊട്ടടുത്ത വനത്തില്‍ കൊണ്ടുപോയി തള്ളാന്‍ സ്‌കൂട്ടറില്‍ 30കാരിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഫുട്ട്‌റെസ്റ്റിനും വണ്ടിയുടെ ഹാന്‍ഡിലിനും ഇടയിലാണ് മൃതദേഹം കിടത്തിയിരുന്നത്. നൈനയുടെ കാലുകള്‍ പുറത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. കാലുകള്‍ റോഡില്‍ ഉരഞ്ഞ് പൊട്ടിയനിലയിലാണ് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.