ജമ്മു : കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്നു ജില്ലകളില്‍ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പഞ്ചാബിലെ വന്യജീവി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉദ്ധംപുര്‍, കത്തുവ, രാജൗരി ജില്ലകളില്‍ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് വന്യജീവി – മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. അവര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു. കര്‍മപദ്ധതി പ്രകാരം രോഗം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുവില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്നോണം ജീവനുളള പക്ഷികളുടെയും സംസ്‌കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചിട്ടുണ്ട്.