ചർമ്മപ്രശ്നങ്ങൾക്ക് മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും മികച്ചൊരു പരിഹാരമാണ് തെെര്. മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രകൃതിദത്തമായ ചില മാർഗങ്ങളിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാനാകും. മുടിയെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തെെര്. സിങ്ക്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് എന്നിവ കൊണ്ട് സമ്പന്നമാണ് തെെര്. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ നിങ്ങളുടെ തലമുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാർമാണ്.
തൈരിലെയും കറ്റാർവാഴയിലെയും പ്രോട്ടീനുകൾ തലമുടിയെ മൃദുവായി കാത്തുസൂക്ഷിക്കാൻ സഹായിക്കും. കറ്റാർവാഴയിലെ അമിനോ അസിഡുകൾ മുടിയുടെ വേരുകൾ ആരോഗ്യമുള്ളതായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂൺ തെെരും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത മിശ്രിതം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ ഇത് പുരട്ടുക. അര മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ ഇത് കഴുകിക്കളയുക. മുടിയുടെ ആരോഗ്യപൂർണമായ വളർച്ചയ്ക്ക് ഈ പാക്ക് മികച്ചൊരു പ്രതിവിധിയാണ്.
തെെരും ഉലുവയും കൊണ്ടുള്ള ഹെയർ മാസ്ക്കാണ് മറ്റൊന്ന്. തൈരിലെ ഫംഗസിനെതിരേ പ്രവർത്തിക്കുന്ന ഘടകങ്ങൾ ഹെയർ ഫോളിക്കളുകളിൽ അടിഞ്ഞുകൂടിയിരിക്കുന്നവ നീക്കം ചെയ്യാൻ സഹായിക്കും. കുറച്ച് ഉലുവയെടുത്ത് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർക്കുക. ഇത് രാവിലെയെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക.അര മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.