ന്യൂയോര്ക്ക് : ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ഒരു പരാജയപ്പെട്ട രാജ്യം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. “അവർക്ക് സമ്പദ്വ്യവസ്ഥയില്ല. 300% പണപ്പെരുപ്പമാണ് അവിടെയുള്ളത്. അവരുടെ കൈവശം പണമില്ല. സൈനികർക്ക് പോലും അവർ ശമ്പളം നൽകുന്നില്ല, മറ്റാർക്കും അവർ പണം നൽകുന്നില്ല,” ട്രംപ് കുറ്റപ്പെടുത്തി.
ഇറാനെക്കുറിച്ചുള്ള നിർണായക തീരുമാനം വളരെ വേഗത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിന്റെ കൈയിലാണെന്നും അവിടെ നിന്ന് ധാരാളം എണ്ണ പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഒക്ടോബർ 27ലെ തിരഞ്ഞെടുപ്പിനും യുഎസിന്റെ നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പിനും മുമ്പ് ഏറ്റുമുട്ടലുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന.
മുൻപും ട്രംപ് സമാനമായ രീതിയിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും പിന്നീട് പുതിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. അതേസമയം ചൈനയും റഷ്യയും ഇറാനെ സഹായിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. മോസ്കോയ്ക്കും ബെയ്ജിങ്ങിനും നഷ്ടപ്പെടാൻ ഏറെയുള്ളതിനാൽ അവർ അത്തരം കാര്യങ്ങൾക്ക് മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. ട്രൂത്ത് സോഷ്യൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അവർ സഹായിക്കുന്നുണ്ടെങ്കിൽ തന്നെ അത് വളരെ ചെറിയൊരു തലത്തിലായിരിക്കുമെന്നും ട്രംപ് പറയുന്നു.





























