ഗുവാഹത്തി : അസം പോലീസ് സ്‌റ്റേഷന്‍ തീ വെയ്പ് കേസിലെ പ്രധാന പ്രതി വാഹനാപകടത്തില്‍ മരിച്ചു. പ്രതി ആഷിഖുല്‍ ഇസ്‌ലാമാണ് മരിച്ചത്. പോലീസ് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാളെ മറ്റൊരു പോലീസ് വാഹനം ഇടിക്കുകയായിരുന്നെന്ന് പേലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിനു ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചുകഴിഞ്ഞിരുന്നു.
ഇന്നലെയാണ് ആഷിഖുല്‍ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്ഥലം എസ്പി ലീന ഡോലേ പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്ന് രണ്ട് പിസ്റ്റളുകളും ഏഴ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. അക്രമത്തിന്റെ സമയത്ത് അയാള്‍ ധരിച്ചിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ടിഷര്‍ട്ടും വീട്ടില്‍ നിന്ന് കണ്ടെടുത്തതായി എസ്പി പറഞ്ഞു.
മെയ് 21നാണ് അസമില്‍ പോലീസ് സ്‌റ്റേഷനു നേരെ ആക്രമണമുണ്ടായത്. അസമിലെ നഗവോണിലുള്ള ബതദ്രവ പോലീസ് സ്‌റ്റേഷനാണ് നാട്ടുകാര്‍ അഗ്‌നിക്കിരയാക്കിയത്. പോലീസ് കസ്റ്റഡിയില്‍ മല്‍സ്യ തൊഴിലാളി മരണപ്പെട്ടെതിനെ തുടര്‍ന്നായിരുന്നു ആക്രമം. സല്‍നബാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളിയായ സഫീകുല്‍ ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇയാളോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും അത് നല്‍കാനില്ലാത്തതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വെച്ച് കൊന്നുകളയുകയായിരുന്നു എന്നുമാണ് ആള്‍ക്കൂട്ടത്തിന്റെ ആരോപണം. എന്നാല്‍, കസ്റ്റഡി മരണമെന്ന ആരോപണം പോലീസ് തള്ളിയിരുന്നു.