ന്യൂഡൽഹി : സംഘർഷം വർഗീയകലാപമായി മാറിയ ഡൽഹിയിൽ മരണസംഖ്യ 14 ആയി. മുസ്തഫാബാദിലെ അക്രമത്തിൽ അർദ്ധരാത്രി ഒരാൾ കൂടി മരിച്ചു. 12 പേർക്ക് കൂടി വെടിയേറ്റു. 56 പോലീസുകാർ ഉൾപ്പടെ ഇരുന്നൂറിലേറെപ്പേർക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.
കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പോലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വിൽപനക്കാരൻ മുഹമ്മദ് ഫുർകാൻ (32), രാഹുൽ സോളങ്കി (26), ഗോകുൽപുരിയിലെ പോലീസുദ്യോഗസ്ഥനായിരുന്ന രതൻ ലാൽ (42) എന്നിവരുടെ പേരുവിവരങ്ങൾ മാത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.
ഡൽഹിയിൽ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡിഎംആർസി അറിയിച്ചു. പക്ഷേ ഇന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. ഇവിടത്തെ സിബിഎസ്‍സി പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ആളുകളോട് വീടിനകത്ത് തുടരാൻ തന്നെയാണ് പോലീസിന്‍റെയും കേന്ദ്രസേനയുടെയും നിർദേശം.
ഡൽഹിയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഉണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ സൈന്യത്തെ ഇറക്കേണ്ടെന്ന സാഹചര്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ രാത്രി വൈകി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ഡൽഹിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു.
കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാകും ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുക.
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വീടിന് മുന്നിൽ ജാമിയ കോഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാർത്ഥികളടക്കം പുലർച്ചെയാണ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ പുലർച്ചെയോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹിയിൽ ക്രമസമാധാനച്ചുമതലയുടെ മേൽനോട്ടം വഹിക്കാൻ പ്രത്യേക കമ്മീഷണറെ പുതുതായി നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യൽ കമ്മീഷണറായി എസ് എൻ ശ്രീവാസ്തവയാണ് ചുമതലയേറ്റെടുത്തത്.