ദില്ലി : രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തോടൊപ്പം മരണസംഖ്യയും ഉയരുന്നതിൽ ആശങ്ക. കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 24000 പേർ രോഗബാധിതരാകുകയും 167 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സർക്കാർ കണക്കുകളിൽ തെറ്റുണ്ടെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. സർക്കാർ കണക്കുകളേക്കാൾ ഏറെ കൂടുതലാണ് യഥാർത്ഥത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന ആക്ഷേപം.
സർക്കാരിന്റെ കണക്കുകളെക്കാൾ ഏറെ മരണം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജയ് പ്രകാശ് ആരോപിച്ചു. വെള്ളിയാഴ്ച സർക്കാർ കണക്കുകളിൽ 141 മരണം ആയിരുന്നു. എന്നാൽ മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകളിൽ ഇത് 193 ആണെന്നും മേയർ വ്യക്തമാക്കി.