ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ്(ഐജിഎൽ) സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചത്. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു. വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ഗുരുഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.
അന്താരാഷ്ട്ര വിപണയിൽ എൽഎൻജി വില വർധിച്ചതാണ് സിഎൻജി വില വർധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎൽ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് സിഎൻജി നിർമാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനാൽ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു. ഇറാൻ യുദ്ധവും ഹോർമുസ് വഴിയുള്ള ഇന്ധനനീക്കം നിലച്ചതും എൽഎൻജി വില വർധനവിന് കാരണമായിട്ടുണ്ട്.






























