പീരുമേട് : വണ്ടിപ്പെരിയാർ സത്രം വഴി ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിൽ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയായിട്ടും അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ സംവിധാനം പരാജയപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡല പൂജയ്ക്കായി നട അടയ്ക്കുന്ന ദിനം വരെ കാനനപാതയിലൂടെ കടന്നുപോയത് 72816 അയ്യപ്പ ഭക്തരാണ്. മുമ്പ് ഒരു ദിവസം ശരാശരി മൂവായിരത്തില്‍ താഴെ അയ്യപ്പന്മാരായിരുന്നു ഇതുവഴി പോയിരുന്നതെങ്കില്‍ ഇത്തവണ അത് 7000- 8000 പേരായി ഉയര്‍ന്നു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. ഇവിടെ ഇടത്താവളം ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് സത്രത്തെ പ്രധാന ഇടത്താവളമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കുറ്റമറ്റ സൗകര്യങ്ങള്‍ ഒരുക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് അയ്യപ്പഭക്തര്‍ കൂടുതലായി കാനനപാത ഉപയോഗപെടുത്തുന്നത്. ഇവരുട വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പോലും അപര്യാപ്തമാണ്. ഇവിടെ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ പത്തേക്കര്‍ സ്ഥലമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഈ സ്ഥലം പൂര്‍ണ്ണമായും വിട്ടുനല്‍കുന്നില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വണ്ടിപ്പെരിയാറില്‍ നിന്ന് സത്രത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പോലും സത്രം ഗ്രൗണ്ടില്‍ കയറാൻ കഴിയുന്നില്ല. സത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കുത്ത് കയറ്റമുള്ള പാതയില്‍ ഭക്തര്‍ക്ക് കൈ പിടിച്ചു കയറാൻ കെട്ടിയിരിക്കുന്നത് വടത്തിന് പകരം പ്ലാസ്റ്റിക് കയറാണ്. കയര്‍ കൊണ്ടുള്ള വടo അല്ലങ്കിൽ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചാല്‍ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. വനത്തിനുള്ളില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അടിയന്തിരമായ വൈദ്യസഹായം എത്തിക്കാനും മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
വൈദ്യ സഹായകേന്ദ്രം ആകെയുള്ളത് സത്രത്തിലും പുല്ല് മേട്ടിലുമാണ്. സീതക്കുളത്ത് കൂടി വൈദ്യ സഹായ കേന്ദ്രം വേണമെന്നതും കാനനപാത വഴി ദർശനത്തിനെത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യമാണ്. ഈ സീസണില്‍ ഇതുവരെ മൂന്നു തീര്‍ത്ഥാടകരാണ് സീത കളത്തിന് സമീപം കുഴഞ്ഞുവീണു മരിച്ചത്. മകരവിളക്കിനായി വീണ്ടും ശബരിമല നട തുറക്കുന്നതോടെ കഴിഞ്ഞ തവണത്തെക്കാൾ അധികമായി സത്രം കാനനപാതയിലൂടെ ശബരിമല ദർശനത്തിനായും പുല്ലുമേട്ടിൽ മകര ജ്യോതി ദർശനത്തിനായും അയ്യപ്പഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മണ്ഡല പൂജയ്ക്ക് നട അടയ്ക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വണ്ടിപ്പെരിയാർ സത്രത്തിൽ അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ട തു മൂലം കാനനപാതയിലൂടെ കടന്നുപോവുന്നു തിനുള്ള പാസ് നൽകാത്തതിൽ അയ്യപ്പ ഭക്തരുടെ വലിയ പ്രതിഷേധമുയർന്നതും ഇത് ബഹളത്തിൽ കലാശിച്ചു. മകര വിളക്കിനോടനുബന്ധിച്ച് തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സാഹചര്യത്തെ മറികടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാവുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇ. ദിലീപ് കുമാര്‍ ഇവിടം സന്ദര്‍ശിച്ചത് പ്രതിക്ഷയോടെ അയ്യപ്പഭക്തർ നോക്കി കാണുന്നു.































