കൊല്ലം: ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദൂരുഹത ഉണ്ടെന്ന് അച്ഛനും അമ്മയും ആവർത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ദേവനന്ദയുടെ അച്ഛനും അമ്മയ്ക്കും കുട്ടിയെ കാണാതായത് മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ സംശയമുണ്ട്. കുട്ടി വീട് വിട്ട് പോകാറില്ലെന്നും അച്ഛനും അമ്മയും പറയുന്നു. പുഴയില്‍ വീഴാനുള്ള സാധ്യതകളും ഇവര്‍ തള്ളികളയുന്നു. സ്വാഭാവിക മുങ്ങിമരണമെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ദേവനന്ദയുടെ ബന്ധുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണും.
മരണത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു. നാട്ടുകാർ നല്‍കിയ മൊഴികള്‍ ആധാരമാക്കിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംശയമുള്ള ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചാത്തന്നൂർ ഏ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.