കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിൽ ഈ കേസ് പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്റെ ഹർജി പരിഗണിച്ചത്. ഇതോടൊപ്പം കേസിലെ പത്താം പ്രതിയായ വിഷ്ണു നൽകിയ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. കേസിൽ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹർജി നൽകിയത്. നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്.
ആറ് മാസമാണ് നടിയെ ആക്രമിച്ച കേസ് വിചാരണയ്ക്കായി പ്രത്യേക കോടതിയ്ക്ക് മുന്നിലുള്ളത്. ഇതിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.