കൊച്ചി : ക്രൈംബ്രാഞ്ച് വീണ്ടെടുത്ത നടന്‍ ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും. ഫോണ്‍ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരുമാസം മുന്‍പെന്നു തെളിഞ്ഞു. സംഭാഷണം നാലര മിനിറ്റ് നീണ്ടു. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.
വധഗൂഢാലോചനക്കേസില്‍ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് മായ്ച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.
കൊച്ചി ഓഫീസിലെ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. സ്വകാര്യ സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ സായി ശങ്കറിന്റെ ഐ മാക് കംമ്പ്യൂട്ടര്‍കൊണ്ടാണ് രേഖകള്‍ മായ്ച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സായി ശങ്കറിനെ പ്രതിയാക്കാന്‍ പോലീസ് നീക്കം തുടങ്ങി. രേഖകള്‍ നശിപ്പിച്ചുവെന്ന് മൊഴി നല്‍കാന്‍ അന്വേഷണ സംഘം സമ്മര്‍ദം ചെലുത്തുന്നുവെന്ന് കാണിച്ച് സായി ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.





























