കൊച്ചി : വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് സ്ഥിരീകരിച്ചു. കേസില്‍ ശരത്തിനെ പ്രതി ചേര്‍ക്കും. കേസില്‍ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാര്‍ പറഞ്ഞ വി.ഐ.പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടിയാണ് അന്വേഷണ സംഘം കാത്തിരുന്നത്. വധഗൂഢാലോചന കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. ഇതില്‍ ആറാമത്തെ പ്രതിയായാണ് ശരത്തിനെ ചേര്‍ത്തത്. തുടര്‍ച്ചയായി രണ്ടാംദിവസമാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തും.
കേസില്‍ ദിലീപിനെ രണ്ട് ദിവസങ്ങളിലായി 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗുഡാലോചന കേസില്‍ അന്വേഷണസംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്തിന്റെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബിസിനസ് പങ്കാളിയെ അടക്കം വരും ദിവസങ്ങളില്‍ വിളിച്ച് വരുത്തിയേക്കും. ഇന്നലെ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും മൂന്ന് മണിക്കൂറോളം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. വധഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
അതിനിടെ വധ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചക്ക് 1.45 ന് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പോലീസ് കെട്ടിച്ചമച്ചതാണ് വധഗൂഢാലോചന കേസ് എന്നാണ് ദിലീപിന്റെ വാദം. കേസിലെ മുഴുവന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നേരത്തെ കൈമാറുകയാണെന്നും ദിലീപ് ആരോപിക്കുന്നു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോണ്‍ രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. തെളിവുകള്‍ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്.































