കൊച്ചി : സിനിമയിൽനിന്ന് തന്നെ വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ താൻ ചോദ്യം ചെയ്തതാണ് മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിടാൻ കാരണമെന്നും സൗമ്യ ആരോപിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലാണ് ഫേസ് ബുക്കിലൂടെ സൗമ്യ സദാനന്ദൻ തുറന്നെഴുതിയത്. സിനിമയിലെ ‘നല്ല ആണ്‍കുട്ടികള്‍ക്ക്’ പോലും മറ്റൊരു മുഖമുണ്ടെന്നും തന്‍റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചുവെന്നും സൗമ്യ ഫേയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല.
താൻ കലാമൂല്യമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് അവർ കരുതി. അവർക്ക് വേണ്ടത് ബ്ലോക്ക് ബസ്റ്ററായിരുന്നു. താൻ അടുത്ത അഞ്ജലി മേനോൻ ആകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ പരാമർശമുണ്ടായി.വർഷങ്ങൾക്ക് ശേഷം തന്‍റെ പുഞ്ചിരി തിരികെ തന്നതിന് ജസ്റ്റിസ് ഹേമക്ക് നന്ദി എന്നും സൗമ്യ എന്ന കുറിപ്പോടെയാണ് സൗമ്യ സിനിമയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. പുതിയ പ്രൊജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹേമ കമ്മിറ്റിക്ക് മുന്‍പിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കുഞ്ചാക്കോ ബോബൻ നായകനായ മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്‍റെ സംവിധായികയാണ് സൗമ്യ.