ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 15 വയസ്സുകാരനായ വിദ്യാർഥിക്ക് പെൺകുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെ നംഗ്ലോയിയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് പെൺകുട്ടിക്കും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരനെ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ തടഞ്ഞുനിർത്തുകയായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഏകദേശം 15–20 മിനിറ്റിന് ശേഷം വീണ്ടും വിദ്യാർഥിയെ തടഞ്ഞുനിർത്തി തർക്കമുണ്ടാവുകയും പ്രതികളിൽ ഒരാൾ കത്തികൊണ്ട് വിദ്യാർഥിയുടെ വലത് തുടയിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ ഉടൻ കുട്ടിയെ സമീപത്തെ സോണിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പോലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. നംഗ്ലോയ് പോലീസ് സ്റ്റേഷനിൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.






























