പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്‌സ് കലോത്സവം തില്ലാന -2024 കുളനട പ്രീമിയം കഫെ ഹാളിൽ കളക്ടർ പ്രേംകൃഷ്ണൻഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യപരിശീലനവും പരിപാലനവും ലക്ഷ്യമാക്കിയാണ് കലോത്സവം നടത്തുന്നത്. ജില്ലയിലെ 12 ബഡ്‌സ് സ്കൂളുകളിൽ നിന്നായി 150 ഓളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്. 15 ഓളം സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾക്കാണ് കുളനട പ്രീമിയം കഫെ വേദിയാകുന്നത്.
ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ബഡ്സ് / ബിആർസികൾ 5 വയസ്സുമുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബഡ്‌സ് സ്‌കൂളുകൾ വഴി വിദ്യാഭ്യാസവും 18 വയസ്സിനു മുകളിലുള്ളവർക്ക് പുനരധിവാസ കേന്ദ്രങ്ങൾ മുഖേന പകൽ പരിപാലനവും തൊഴിൽ പരിശീലനവും നൽകിവരുന്നു. ബഡ്‌സ്/ബി.ആർ.സികളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ സംസ്ഥാനതലങ്ങളിൽ ബഡ്ഫെസ്റ്റ് സംഘടിപ്പിച്ചു വരുന്നു. ജില്ലാ മിഷൻ കോർഡിനേറ്റർ ആദില എസ് സ്വാഗതം പറഞ്ഞു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ഉദയരശ്മി, ജില്ലാ പ്ലാനിങ് ഓഫീസർ സുജിത്, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, അടൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡ് കമ്മറ്റി ചെയർപേഴ്സൺ ബീന പ്രഭ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ബിന്ദുരേഖ കെ നന്ദി പറഞ്ഞു.