തിരുവനന്തപുരം : തിരുവനന്തപുരത്തും ഡോക്ടര്‍ക്ക് നേരെ അതിക്രമം. മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനേയുമാണ് ആറംഗസംഘം മര്‍ദിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം ആദ്യം കയ്യേറ്റം ചെയ്തു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ ഡോക്ടര്‍ സജുവിന് നേരെ അതിക്രമം തുടരുകയായിരുന്നു.
അടിയേറ്റ് നിലത്ത് വീണ ശേഷവും വിടാന്‍ ഭാവമില്ലാതെ സംഘം അതിക്രമം തുടര്‍ന്നു. സംഭവത്തില്‍ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുല്‍, സജിന്‍, ശംഭു, വിജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. സുഹൃത്തിന്റെ ജന്‍മദിനാഘോഷം കഴിഞ്ഞെത്തിയതായിരുന്നു സംഘമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ ഒപി ബഹിഷ്‌കരണ സമരം പ്രതികളെ പിടികൂടിയ ശേഷമാണ് അവസാനിപ്പിച്ചത്.